
ചെങ്ങന്നൂർ: തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനുനേരെ ബൈക്കിലെത്തിയ സംഘം ബിയർ കുപ്പികളും കല്ലുകളും എറിഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന് നേരെ ചെങ്ങന്നൂരിൽ ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടി. മാരാർജി ഭവനുനേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ചെങ്ങന്നൂർ ആഞ്ഞിലമൂട് ജംഗ്ഷന് സമീപത്തുവെച്ചാണ് മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിന്റെ 60-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നിർമിച്ച പുതിയ ഡയമണ്ട് ജൂബിലി ബ്ലോക്കിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി.
ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി, സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. റോഡിലേക്ക് ഇറങ്ങി പ്രതിഷേധിച്ച പ്രവർത്തകരെ സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം ഉടൻ തന്നെ അറസ്റ്റ് ചെയ്ത് നീക്കി.











